ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാവും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാവും
ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാവും.
എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാവും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും. കേവലം പുസ്തകരൂപത്തില്‍ ഇതിനെ സമീപിക്കരുത്. വാക്കുകള്‍ക്കും ലിപികള്‍ക്കുമപ്പുറമുള്ളവയെ ആവാഹിച്ച മന്ത്രങ്ങളാണിത്. മനനം ചെയ്യുക വഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. ഗ്രന്ഥത്തിന്‍റെ താത്പര്യത്തെ പ്രാപിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്.
പോള്‍വാള്‍ട്ടിനുപയോഗിക്കുന്ന പോള്‍ പോലെയാണ് ശാസ്ത്രം. ലക്ഷ്യം പ്രാപിക്കുമ്പോള്‍ പോള്‍ കൈവിടുന്നു. ലക്ഷ്യത്തിലെത്തുക എന്നതാണ് പോളിന്‍റെ താത്പര്യം.
ഭഗവത്‌ഗീതയേയും ഈ മനോഭാവത്തോടെ സമീപിക്കണം. വലിയ ഗീതാപുസ്തകം വാങ്ങി പട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ ഒരിക്കലും പ്രയോജനം സിദ്ധിക്കില്ല. സകല ഉപനിഷത്തുകളും ചേര്‍ന്ന പശുവായി ഗീതയെ സങ്കല്‍പ്പിക്കാം . ഇതിന്‍റെ കറവക്കാരനാണ് കൃഷ്ണന്‍. പശുക്കിടാവാവട്ടെ അര്‍ജുനനും. അര്‍ജുനന്റെ ചോദ്യങ്ങളാകുന്ന മുട്ടുകള്‍ കൊണ്ടാണ് ഗീതാമൃതം ചുരത്തപ്പെടുന്നത് . താമരയുടെ തേന്‍ നുകരുന്ന വണ്ടുകളെപ്പോലെ ഈ ഗീതാമൃതം നുകരുവാന്‍ സജ്ജനങ്ങള്‍ എക്കാലവുമുണ്ടാവും.
മൂല്യത്തിന് ആദരവ് കല്‍പ്പിക്കുന്ന സമൂഹവും ഇതുവഴി സൃഷ്ട്ടിക്കപ്പെടുന്നു. രാഷ്ട്രീയത്തിലെയും മറ്റും അഴിമതി കണ്ട് നാട് നന്നാവില്ല എന്ന് വിധിക്കുന്നത് ശരിയല്ല. ഞാനൊരിക്കലും ഈ അഴിമതിക്ക് കൂട്ട് നില്‍ക്കില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മതിയാവും.